വിശ്വാസത്തിന്റെ അടിസ്ഥാനം പാറമേലോ അതോ മണലിൻമേലോ ?
ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.” മത്തായി 7 /24-28
ഇന്ന് വിശ്വാസ ഗോളത്തിലേക്കു കടന്നു വരുന്ന പലരുടെയും പിന്മാറ്റത്തിന്റെ കാരണം അവരുടെ വിശ്വാസ വീടിന്റെ അടിസ്ഥാനം വചനം എന്ന പാറമേലല്ല മറിച്ചു അത്ഭുതങ്ങൾ, അടയാളങ്ങൾ, ഭൗതിക നന്മകൾ ലഭിച്ച സാക്ഷ്യങ്ങൾ എന്നിങ്ങനെയുള്ള മണലിന്മേലാണ്.അതിനാൽ ചില പ്രതികൂലങ്ങൾ വരുമ്പോൾ " ദൈവമുണ്ടോ ?, ദൈവം ഞങ്ങളെ സ്നേഹിക്കുന്നിലാ ,കരുതുന്നില്ല, ഒന്നും കാണുന്നില്ല" എന്നി പരാതികളും പരിഭവങ്ങളും ആയി വീട് വിട്ടിറങ്ങി സ്വർഗീയ ഭാഗ്യങ്ങൾ നിരസിക്കുന്നു. ഇത്തരം ആത്മീക അധംപതനത്തിനു കാരണമാകുന്നത് സത്യ വചനം കൃത്യമായി പഠിപ്പിക്കാത്ത പ്രാദേശിക സഭകളാണ്.തങ്ങളുടെ മുമ്പിൽ വയ്ക്കപ്പെടുന്ന കൃസ്തുവിന്റെ ആട്ടിൻകുഞ്ഞുങ്ങളെ " വചനമെന്ന മായമില്ലാത്ത പാൽ" കുടിപ്പിച്ചു പുഷ്ടിപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്തം ഇടയന്മാർക്കുണ്ട്.എന്നാൽ ഈ അന്ത്യകാലത്ത് ഭൂരിഭാഗം ഇടയന്മാരും ആടുകളുടെ ആത്മീക വളർച്ച അന്വേഷിക്കാതെ തങ്ങളുടെ കുടുംബത്തിലേക്കും ബാങ്ക് അക്കൗണ്ടിലേക്കും മാത്രം നോക്കി തങ്ങളെത്തന്നെ മേയ്ക്കുന്നു .പേരിനും പ്രശസ്തിക്കും പണ സമ്പാദനത്തിനും വേണ്ടി ഫെയ്സ്ബുക്ക്,യൂട്യൂബ്,വെബ്സൈറ്റ് എന്നീ അക്കൗണ്ടിലേക്കും ആളുകളെ വശീകരിക്കുന്നു.
വിശ്വാസികൾക്ക് വചന പരിജ്ഞാനം ഇല്ലാത്തതിനാൽ ദുരുപദേശ കൾട്ട് ഗ്രൂപ്പുകളിലേക്ക് ആകർഷിക്കപ്പെടുന്നു. ഒടുവിൽ നിത്യനരകത്തിൽ എത്തി ചേരുന്നു. അടിസ്ഥാന ഉപദേശങ്ങൾ ഏതെല്ലാമാണെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല ഈ തിരക്കുപിടിച്ച ലോകത്ത് അത് പഠിക്കുവാനോ പഠിപ്പിക്കുവാനോ ആരും താല്പര്യപ്പെടുന്നില്ല.
എന്നാൽ ആദിമ നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ അപ്പോസ്തോലന്മാർ “ക്രിസ്തുവിനെ കുറിച്ചുള്ള ആദ്യ വചനങ്ങൾ “എന്ന അടിസ്ഥാനം ഇടുക മാത്രമല്ല “പരിജ്ഞാന പൂർത്തി “പ്രാപിക്കുവാൻ തക്കവണ്ണം സഭയെ ഒരുക്കിയിരുന്നു (എബ്രായർ 6 :1)
ദൈവത്തിന്റെ മനസ്സിനൊത്ത ഇടയന്മാരെ നൽകുന്നതിന് വേണ്ടിയും അവർ നമ്മെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയ്ക്കുന്നതിന് വേണ്ടിയും(യിരെമ്യാവ് 3:15) ആ ജീവ മന്ന തട്ടി കളയാതെ ഉത്സാഹത്തോടെ കഴിച്ച് വളരുന്നവർ ആയി നാം തീരുന്നതിനു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.